നഴ്സിംഗ് പഠനവും വിദേശ തൊഴിൽ അവസരങ്ങളും അറിയാം.

നഴ്സിംഗ് പഠനവും വിദേശ തൊഴിൽ അവസരങ്ങളും

വിദേശത്ത് ജോലി ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഏറ്റവും അനുയോജ്യമായ തൊഴിൽ മേഖലയാണ് നഴ്സിംഗ്. വിദേശ ജോലിക്ക് വേണ്ടി മാത്രമായി നാലു വർഷത്തെ ബി.എസ്‌.സി നഴ്സിംഗ് പഠിക്കുന്നവർ ധാരാളമുണ്ട്. ലോക നിലവാരത്തിലുള്ള നാലുവർഷത്തെ നഴ്സിംഗ് ബിരുദം വിദേശ രാജ്യങ്ങളിലും ഐയിംസ് പോലെയുള്ള ഇന്ത്യയിലെ മുൻനിര ആശുപത്രികളിലും ഏറെ സ്വീകാര്യമാണ് എന്നതാണ് കാരണം. ആരോഗ്യ രംഗത്ത് ഡോക്ടർമാരെ പോലെയോ മറ്റു ആരോഗ്യ വിദഗ്ദരെ പോലെയോ തത്തുല്യമായ അംഗീകാരവും സ്ഥാനക്കയറ്റവും പല വിദേശ രാജ്യങ്ങളിലും നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ലഭ്യമാണ്.വിദേശ രാജ്യങ്ങളിൽ എല്ലാ പ്രൊഫഷണൽസും ഉൾപ്പെടുന്ന ഒരു ടീം വർക്ക്‌ ആണ് ആരോഗ്യമേഖലയിൽ നടക്കാറുള്ളത്. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷ നഴ്സുമാർക്കും (Male nurse) വിദേശ രാജ്യങ്ങളിൽ നല്ല അവസരങ്ങൾ ലഭ്യമാണ്. വടക്കേ അമേരിക്കയിലെ രാജ്യങ്ങളായ കാനഡ, യൂഎസ്എ, യൂറോപ്യൻ രാജ്യങ്ങളായ യുകെ, അയർലണ്ട്, ജർമ്മനി, ബെൽജിയം, ഇറ്റലി, മാൾട്ട, സ്വീഡൻ, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിങ്കപ്പൂർ തുടങ്ങിയ പല രാജ്യങ്ങളിലും കേരളത്തിലെ നഴ്സുമാർക്ക് നല്ല അവസരങ്ങളുണ്ട്. ഇവിടങ്ങളിൽ രജിസ്റ്റർഡ് നഴ്സിംഗ് ഓഫീസർ,‌ ക്ലിനിക്കൽ ലീഡ്, നഴ്സിംഗ് മാനേജർ, ക്ലിനിക്കൽ സർവീസ് മാനേജർ, സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്‌സ്‌ സ്പെഷ്യലിസ്റ്റ്, പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ പ്രാക്ടീഷണർ, അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ, ക്ലിനിക്കൽ ഡയറക്ടർ, ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തസ്തികകളിൽ വിദഗ്ദ നഴ്സുമാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. ബിരുദാനന്തര ബിരുദധാരികളായ എം.എസ്. സി നഴ്സിംഗ് കഴിഞ്ഞവർക്ക് സ്പെഷ്യലിസ്റ്റ് നഴ്സുമാരോ അധ്യാപകരോ ഗവേഷകരോ ആകാം. ഇത്തരം രാജ്യങ്ങളിൽ നഴ്സുമാർക്ക് കുടുംബത്തോടൊപ്പം പോകാൻ സാധിക്കും;

വിദേശ ജോലി ലഭിക്കുന്നതിനുള്ള യോഗ്യത പരീക്ഷകളും പ്രക്രിയകളും :

വിദേശത്ത് ജോലി ലഭിക്കുന്നതിന് വേണ്ടി ഐ. ഇ. എൽ. ടി. എസ് (IELTS), ഒ.ഇ.ടി (OET), പി.ടി.ഇ (PTE), ടോഫൽ (TOEFL), ജർമൻ ഭാഷ, ഡാനിഷ് ഭാഷ പോലെയുള്ള പരീക്ഷകൾ നിർദിഷ്ട സ്കോർ നേടി വിജയിക്കേണ്ടതുണ്ട്.

ഓരോ രാജ്യത്തെയും യോഗ്യത പരീക്ഷകളും നിർദിഷ്ട വിവരങ്ങളും :

  • അമേരിക്ക : അമേരിക്കയിൽ NCLEX പരീക്ഷ അവിടുത്തെ നഴ്സിംഗ് രംഗത്തേക്കുള്ള ചുവടുവയ്‌പ്പാണ്. NCLEX സ്കോർ ന്റെ നിലവാരം അനുസരിച്ച് യു.എസ്.ൽ രജിസ്റ്റർഡ് നേഴ്സ് ആയി സേവനം അനുഷ്ഠിക്കാം.
  • ഓസ്ട്രേലിയ : ഓസ്ട്രേലിയയിൽ OBA (Outcome Based Assesment ) വഴിയാണ് രജിസ്റ്റർഡ് നേഴ്സ് ആയി സേവനം അനുഷ്ഠിക്കാൻ സാധിക്കുന്നത്. ഇതിന് NCLEX (Multiple choice type ), OSCE ( Objective Structured Clinical Examination ) എന്നിങ്ങനെ 2 ഘട്ടങ്ങളാണ് ഉള്ളത്.
  • യു. കെ : യു.കെ.യിൽ രജിസ്റ്റർഡ് നേഴ്സ് ആയി ജോലി ചെയ്യാൻ CBT( സി. ബി. ടി ), OSCE എന്നിവ വിജയിക്കേണ്ടതുണ്ട്.
  • ജർമനി : ജർമൻ ഭാഷയിലെ നിശ്ചിത സ്കോർ ജർമ്മനിയിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നു. കേരള സർക്കാർ സ്ഥാപനമായ നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ചേർന്നു സൗജന്യമായി ജർമ്മനിയിലേക്ക് പ്രഗത്ഭരായ മലയാളി നഴ്സുമാർക്ക് നിയമനം നൽകുന്ന പദ്ധതിയാണ് ട്രിപ്പിൾ വിൻ. ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനം IELTS/OET/TOEFL പോലെയുള്ള പരീക്ഷകൾ കൊണ്ട് വിലയിരുത്തപ്പെടുമ്പോൾ, നഴ്സിംഗ് വിജ്ഞാനം മറ്റ് പരീക്ഷകളിലൂടെ അളക്കപ്പെടുന്നു.
  • സിങ്കപ്പൂർ : സിങ്കപ്പൂരിൽ രജിസ്റ്റർഡ് നഴ്സ് ആയി ജോലി നെടുവാൻ SNB(എസ്.എൻ.ബി) പരീക്ഷ വിജയിക്കേണ്ടത് അനിവാര്യമാണ്. നിർദിഷ്ട പരീക്ഷയിൽ 72% മാർക്കോ അതിനു മുകളിലോ ഉദ്യോഗാർഥി നേടിയിരിക്കണം.
  • ഗൾഫ് രാഷ്ട്രങ്ങൾ : യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്‌, ബഹ്‌റൈൻ, ഇസ്രയേൽ തുടങ്ങിയ മിഡില് ഈസ്റ്റ്‌/ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ നഴ്സുമാർക്ക് അവസരമുണ്ട്. DHA (ഡിഎച്ച്എ),Prometric (പ്രൊമെട്രിക്), HAAD (ഹാദ്), MOH (എം.ഒ.എച്) തുടങ്ങിയ അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം നടത്തുന്ന പരീക്ഷകളാണ് അതിന് വേണ്ടി എഴുതേണ്ടത്.

വിദേശ രാജ്യത്ത് ഉന്നതപഠനം : 

പല രാജ്യങ്ങളിലും നഴ്സുമാർക്ക് ഉന്നത പഠനത്തിനും സാധ്യതയുണ്ട്. കേരള സർക്കാർ സ്ഥാപനങ്ങളായ നോർക്ക റൂട്സ്, ODEPC എന്നിവ നഴ്സുമാർക്ക് വേണ്ടി വിദേശത്തേക്ക് ജോലി അവസരവും പരിശീലനവും ചിലവ് കുറഞ്ഞ രീതിയിലോ അല്ലെങ്കിൽ സൗജന്യമായോ നൽകി വരുന്നുണ്ട്. ധാരാളം മലയാളികളായ നഴ്സുമാർ ഇവിടങ്ങളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചു വരുന്നു. പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച നഴ്സുമാർ എന്ന പദവി മലയാളി നഴ്സുമാരെ തേടിയെത്താറുണ്ട്. മേല്പറഞ്ഞ നിയമങ്ങളിൽ കാലാനുശ്രുതമായി മാറ്റങ്ങൾ വരാറുണ്ട്. ഇത് അതാത് രാജ്യത്തെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്താറുണ്ട്.

Prepared by | Athulya US, Career Counsellor

Enquire now!

  Let's Chat
  Request Call Back